'മക്കത്തായം' എന്ന പ്രതിഭാസം ഇന്ത്യന്‍ രാഷ്ട്രീയത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ ആണ്.
പ്രതിഭാധനരായ സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു പറ്റം ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുമ്പോള്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ വിലങ്ങുതടിയും ഈ പ്രതിഭാസമാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ദാരിദ്ര്യം കലര്‍ന്ന ഭൂമിശാസ്ത്രം മനസിലാക്കാതെ കിംഗ് മയ്കേര്‍ ആയിരുന്ന അച്ഛന്റെയോ അമ്മയുടെയോ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം മന്ത്രിമാരാവുന്ന രാജകുമാരന്മാര്‍ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ട്. 'ഗാന്ധി' എന്ന പേരിനോട് സാധാരണക്കാരന് തോന്നുന്ന ദേശഭക്തി കലര്‍ന്ന ബഹുമാനത്തെ വോട്ടാക്കി മാറ്റാന്‍ ആ മഹാനുഭാവന്റെ 'നാമം' സ്വന്തം പേരിനോട് ചേര്‍ത്ത് ജീവിക്കുന്ന ഇന്നത്തെ ചില കൊണ്ഗ്രേസ്സുകാര്‍ ഇതിനു ഉത്തമ ഉദാഹരണമാണ്. ഗാന്ധിജിയുടെ 'നാമ'ത്തേക്കാള്‍ അദ്ദേഹത്തിന്റെ ആശയങ്ങളും അനന്യസാധാരണമായ ജീവിത രീതിയും സഹജീവികളോടുള്ള സ്നേഹവുമാണ് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തേണ്ടത് എന്ന് ഇവര്‍ മറന്നു പോകുന്നു.
സ്വതന്ത്ര ഇന്ത്യയുടെ കഴിഞ്ഞ 65 വര്‍ഷത്തെ ഭരണമെടുത്താല്‍ നമുക്ക് മനസിലാക്കാന്‍ കഴിയും..അതില്‍ സിംഹഭാഗവും പ്രധാന മന്ത്രി കസേരയില്‍ ഇരുന്നത് 'നെഹ്‌റു' കുടുംബത്തിലെ അംഗങ്ങളാണ്. ഇങ്ങനെ ഒരു രാജ്യത്തിന്റെ ഭരണാവകാശം ഏതെങ്കിലും കുടുംബം വച്ച് പുലര്‍ത്തുന്നതിനെ എങ്ങനെ ആണ് 'ജനാധിപത്യം' എന്ന് വിളിക്കുക? അതിനു പറ്റിയ പേര് OLIGARCHY എന്നല്ലേ? ഇത് കേന്ദ്രത്തിലെ കാര്യം. കേരളത്തില്‍ കെ. മുരളീധരനും, തമിഴ് നാട്ടില്‍ എം. കെ. സ്റ്റാലിനും കനിമൊഴിയും, ഒറീസയില്‍ നവീന്‍ പട്നായിക്കും, മഹാരാഷ്ട്രയില്‍ രാജ് താക്കറെയും ഇതിനു ഉദാഹരണമാണ്. ഇനിയുമെത്രയോ രാജകുമാരന്മാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നാണം കെടുത്തിയവര്‍..അതില്‍ ഒടുവിലായി അഖിലേഷ് യാദവും.
Representative Democracy എന്ന ആശയം ഒരു കാലഹരണപ്പെട്ട വസ്തുവായി മാറുന്നത് ഇവിടെയാണ്.Representative democracy യില്‍ സംഭവിക്കേണ്ടത് നമ്മളുടെ കൂട്ടായ അഭിപ്രായം നമ്മള്‍ തെരഞ്ഞെടുത്ത പ്രതിനിധി നിയമ നിര്‍മ്മാണ സഭയില്‍ അവതരിപ്പിക്കും എന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്, അയാള്‍ അവതരിപ്പിക്കുന്നത് അയാളുടെ പാര്‍ട്ടിയുടെ തീരുമാനമാണ്, ജനങ്ങളുടെതല്ല. ഇതിനെതിരെ പ്രതിഷേധിക്കാനോ അണ്ണാ ഹസാരെ ആവശ്യപ്പെടുന്നത് പോലെ അയാളെ തിരിച്ചു വിളിക്കണോ ഉള്ള അധികാരം നമ്മുടെ വ്യവസ്ഥിതിയില്‍ ഇല്ല. അതായത് ഒരു 'feedback mechanism' ഇല്ലാത്ത ഭരണനിര്‍മ്മിതി ആണ് നമ്മുടേത്. ഒരു കുട്ടിയുടെ പഠന സമയത്ത് അവന്റെ പഠന നിലവാരം അളക്കാനായി 'ക്ലാസ്സ് പരീക്ഷകളും' പ്രോഗ്രസ്സ് റിപ്പോര്‍ട്ടും നല്‍കും. ഇത് പോലെ ഒരു സംവിധാനം ഇല്ലാത്തതിനാല്‍ നമ്മുടെ പല നേതാക്കളും ജനപ്രതിനിധികളും 'അലസന്മാരായ വിദ്യാര്‍ത്ഥികളായി' മാറുന്നുണ്ട്. ഇവരെ നിയന്ത്രനാധീതരാകി മാറ്റാന്‍ നമ്മള്‍ ഈ വ്യവസ്ഥിതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
'സ്വിസ്' ബാങ്കിനെ അഴിമതിപ്പണം പൂഴ്ത്തുന്ന ഖജനാവ് ആയിട്ടാണ് കാണാറുള്ളത്. പക്ഷെ സ്വിറ്റ്സര്‍ലാന്റ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ സുതാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍ ആണ്. സ്വിറ്റ്സര്‍ലാന്റില്‍ 'ഡയറക്റ്റ് ഡെമോക്രസി' എന്ന ആശയം പരീക്ഷിച്ചതായി കാണുന്നു. റോസ് പെറോട്ട് എന്ന അമേരിക്കന്‍ രാഷ്ട്രീയക്കാരന്‍ പ്രസിഡന്റ് ഇലക്ഷന്‍ സമയത്ത് കൊണ്ട് വന്ന ഒരു ആശയമാണ് ഇത്. രാജ്യത്തിലെ എല്ലാ പൌരനും നിയമ നിര്‍മ്മാണത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താം എന്നതാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാന തത്വം. ഇതിന്റെ ഒരു പടി കൂടി കടന്ന എന്നാല്‍ ഏറെ പ്രാവര്‍ത്തികമായ ആശയമാണ് ഇ-ഡയറക്റ്റ് ഡെമോക്രസി (Electronic direct democracy) എന്നത്. സാധാരണ ഗതിയില്‍ അഭിപ്രായം ശേഖരിക്കുന്നതിനുപയോഗിക്കുന്ന ഹിതപരിശോധനാ മാര്‍ഗങ്ങളുടെ സമയ സംബന്ധിയും മാനുഷിക സംബന്ധിയുമായ പോരായ്മകളെ ഈ ആധുനിക മാര്‍ഗത്തിലൂടെ കുറയ്ക്കാനാവും. നവമാധ്യമങ്ങളുടെ സഹായത്തോടെ സാങ്കേതിക തികവോടുകൂടിയുള്ള ഒരു പദ്ധതി മേനഞ്ഞെടുത്താല്‍ അഭിപ്രായ ശേഖരണത്തിന് ഇതിലും നല്ല മറ്റൊരു മാര്‍ഗമില്ല. ഇവിടെ ഉയര്‍ന്നു വരാവുന്ന ഒരു ചോദ്യം, "ചെറുപ്പക്കാര്‍ക്ക് മാത്രമല്ലേ നവ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പരിചയമുള്ളൂ.." എന്നതാണ്. ഒരു വിഷയം ഒരു കുടുംബത്തില്‍ ചര്‍ച്ച ചെയ്തു അവിടത്തെ അഭിപ്രായത്തിന് അനുയോജ്യമായ രീതിയില്‍ ഇത് ചെയ്തെടുക്കവുന്നത്തെ ഉള്ളൂ. ഒരു ആശയം എന്ന രീതിയില്‍ ആണ് ഞാന്‍ ഇത് അവതരിപ്പിക്കുന്നത്. ഇതിന്റെ പ്രായോഗിക വശങ്ങളും സാങ്കേതിക കാര്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ ചിന്തിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ