2012, മാർച്ച് 11, ഞായറാഴ്‌ച

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യച്യുതി: ഹേമ മാലിനി മുതല്‍ അഖിലേഷ് യാദവ് വരെ....(Part 2)

'മക്കത്തായം' എന്ന പ്രതിഭാസം ഇന്ത്യന്‍ രാഷ്ട്രീയത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ ആണ്.
പ്രതിഭാധനരായ സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു പറ്റം ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുമ്പോള്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ വിലങ്ങുതടിയും ഈ പ്രതിഭാസമാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ദാരിദ്ര്യം കലര്‍ന്ന ഭൂമിശാസ്ത്രം മനസിലാക്കാതെ കിംഗ്‌ മയ്കേര്‍ ആയിരുന്ന അച്ഛന്റെയോ അമ്മയുടെയോ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം മന്ത്രിമാരാവുന്ന രാജകുമാരന്മാര്‍ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ട്. 'ഗാന്ധി' എന്ന പേരിനോട് സാധാരണക്കാരന് തോന്നുന്ന ദേശഭക്തി കലര്‍ന്ന ബഹുമാനത്തെ വോട്ടാക്കി മാറ്റാന്‍ ആ മഹാനുഭാവന്റെ 'നാമം' സ്വന്തം പേരിനോട് ചേര്‍ത്ത് ജീവിക്കുന്ന ഇന്നത്തെ ചില കൊണ്ഗ്രേസ്സുകാര്‍ ഇതിനു ഉത്തമ ഉദാഹരണമാണ്. ഗാന്ധിജിയുടെ 'നാമ'ത്തേക്കാള്‍ അദ്ദേഹത്തിന്റെ ആശയങ്ങളും അനന്യസാധാരണമായ ജീവിത രീതിയും സഹജീവികളോടുള്ള സ്നേഹവുമാണ് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തേണ്ടത് എന്ന് ഇവര്‍ മറന്നു പോകുന്നു. 

സ്വതന്ത്ര ഇന്ത്യയുടെ കഴിഞ്ഞ 65 വര്‍ഷത്തെ ഭരണമെടുത്താല്‍ നമുക്ക് മനസിലാക്കാന്‍ കഴിയും..അതില്‍ സിംഹഭാഗവും പ്രധാന മന്ത്രി കസേരയില്‍ ഇരുന്നത് 'നെഹ്‌റു' കുടുംബത്തിലെ അംഗങ്ങളാണ്. ഇങ്ങനെ ഒരു രാജ്യത്തിന്റെ ഭരണാവകാശം ഏതെങ്കിലും കുടുംബം വച്ച് പുലര്‍ത്തുന്നതിനെ എങ്ങനെ ആണ് 'ജനാധിപത്യം' എന്ന് വിളിക്കുക? അതിനു പറ്റിയ പേര് OLIGARCHY എന്നല്ലേ? ഇത് കേന്ദ്രത്തിലെ കാര്യം. കേരളത്തില്‍ കെ. മുരളീധരനും, തമിഴ് നാട്ടില്‍ എം. കെ. സ്റ്റാലിനും കനിമൊഴിയും, ഒറീസയില്‍ നവീന്‍ പട്നായിക്കും, മഹാരാഷ്ട്രയില്‍ രാജ് താക്കറെയും ഇതിനു ഉദാഹരണമാണ്. ഇനിയുമെത്രയോ രാജകുമാരന്മാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നാണം കെടുത്തിയവര്‍..അതില്‍ ഒടുവിലായി അഖിലേഷ് യാദവും. 

Representative Democracy എന്ന ആശയം ഒരു കാലഹരണപ്പെട്ട വസ്തുവായി മാറുന്നത് ഇവിടെയാണ്‌.Representative democracy യില്‍ സംഭവിക്കേണ്ടത്‌ നമ്മളുടെ കൂട്ടായ അഭിപ്രായം  നമ്മള്‍ തെരഞ്ഞെടുത്ത പ്രതിനിധി നിയമ നിര്‍മ്മാണ സഭയില്‍ അവതരിപ്പിക്കും എന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌, അയാള്‍ അവതരിപ്പിക്കുന്നത്‌ അയാളുടെ പാര്‍ട്ടിയുടെ തീരുമാനമാണ്, ജനങ്ങളുടെതല്ല. ഇതിനെതിരെ പ്രതിഷേധിക്കാനോ  അണ്ണാ ഹസാരെ ആവശ്യപ്പെടുന്നത് പോലെ അയാളെ തിരിച്ചു വിളിക്കണോ ഉള്ള അധികാരം നമ്മുടെ വ്യവസ്ഥിതിയില്‍ ഇല്ല. അതായത് ഒരു 'feedback mechanism' ഇല്ലാത്ത ഭരണനിര്‍മ്മിതി ആണ് നമ്മുടേത്‌. ഒരു കുട്ടിയുടെ പഠന സമയത്ത് അവന്റെ പഠന നിലവാരം അളക്കാനായി  'ക്ലാസ്സ്‌ പരീക്ഷകളും' പ്രോഗ്രസ്സ് റിപ്പോര്‍ട്ടും നല്‍കും. ഇത് പോലെ ഒരു സംവിധാനം ഇല്ലാത്തതിനാല്‍ നമ്മുടെ പല നേതാക്കളും ജനപ്രതിനിധികളും 'അലസന്മാരായ വിദ്യാര്‍ത്ഥികളായി' മാറുന്നുണ്ട്. ഇവരെ നിയന്ത്രനാധീതരാകി മാറ്റാന്‍ നമ്മള്‍ ഈ വ്യവസ്ഥിതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.  

'സ്വിസ്' ബാങ്കിനെ അഴിമതിപ്പണം പൂഴ്ത്തുന്ന ഖജനാവ് ആയിട്ടാണ് കാണാറുള്ളത്‌. പക്ഷെ സ്വിറ്റ്സര്‍ലാന്റ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ സുതാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍ ആണ്. സ്വിറ്റ്സര്‍ലാന്റില്‍ 'ഡയറക്റ്റ് ഡെമോക്രസി' എന്ന ആശയം പരീക്ഷിച്ചതായി കാണുന്നു. റോസ് പെറോട്ട് എന്ന അമേരിക്കന്‍ രാഷ്ട്രീയക്കാരന്‍ പ്രസിഡന്റ്‌ ഇലക്ഷന്‍ സമയത്ത് കൊണ്ട് വന്ന ഒരു ആശയമാണ്‌ ഇത്. രാജ്യത്തിലെ എല്ലാ പൌരനും നിയമ നിര്‍മ്മാണത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താം എന്നതാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാന തത്വം. ഇതിന്റെ ഒരു പടി കൂടി കടന്ന എന്നാല്‍ ഏറെ പ്രാവര്‍ത്തികമായ ആശയമാണ് ഇ-ഡയറക്റ്റ് ഡെമോക്രസി (Electronic direct democracy) എന്നത്. സാധാരണ ഗതിയില്‍ അഭിപ്രായം ശേഖരിക്കുന്നതിനുപയോഗിക്കുന്ന ഹിതപരിശോധനാ മാര്‍ഗങ്ങളുടെ സമയ സംബന്ധിയും മാനുഷിക സംബന്ധിയുമായ പോരായ്മകളെ ഈ ആധുനിക മാര്‍ഗത്തിലൂടെ കുറയ്ക്കാനാവും. നവമാധ്യമങ്ങളുടെ സഹായത്തോടെ  സാങ്കേതിക തികവോടുകൂടിയുള്ള ഒരു പദ്ധതി മേനഞ്ഞെടുത്താല്‍ അഭിപ്രായ ശേഖരണത്തിന് ഇതിലും നല്ല മറ്റൊരു മാര്‍ഗമില്ല. ഇവിടെ ഉയര്‍ന്നു വരാവുന്ന ഒരു ചോദ്യം, "ചെറുപ്പക്കാര്‍ക്ക് മാത്രമല്ലേ നവ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പരിചയമുള്ളൂ.." എന്നതാണ്. ഒരു വിഷയം ഒരു കുടുംബത്തില്‍ ചര്‍ച്ച ചെയ്തു അവിടത്തെ അഭിപ്രായത്തിന് അനുയോജ്യമായ രീതിയില്‍ ഇത് ചെയ്തെടുക്കവുന്നത്തെ ഉള്ളൂ. ഒരു ആശയം എന്ന രീതിയില്‍ ആണ് ഞാന്‍ ഇത് അവതരിപ്പിക്കുന്നത്. ഇതിന്റെ പ്രായോഗിക വശങ്ങളും സാങ്കേതിക കാര്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ ചിന്തിക്കേണ്ടതാണ്. 


2012, മാർച്ച് 9, വെള്ളിയാഴ്‌ച

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യച്യുതി: ഹേമമാലിനി മുതല്‍ അഖിലേഷ് യാദവ് വരെ..(Part 1)

ഒരു ജനപ്രതിനിധിക്ക് നല്‍കുന്ന വോട്ടുകള്‍ സത്യത്തില്‍ ആര്‍ക്കുള്ളതാണ്?
അയാളുടെ പാര്‍ട്ടിക്കാണോ, ഭരിക്കാനും ജനങ്ങളെ സേവിക്കനുമുള്ള കഴിവിന് ആണോ?
മേല്‍പ്പറഞ്ഞ രണ്ടിനുമാണെങ്കില്‍ നല്ലത്. ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു നേതാവിനെ സമാന തത്വത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വോട്ടു ചെയ്തു ജയിപ്പിക്കാന്‍ ഉള്ള സ്വാതന്ത്യമാണ് 'പാര്‍ട്ടിക്കുള്ള വോട്ട്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  

രണ്ടാമത്തേതാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടത്....
ഒരാള്‍ക്ക്‌ നല്‍കുന്ന വോട്ട് അയാളുടെ 'ഇനിയും തെളിയിച്ചിട്ടില്ലാത്ത ' ഭരണ മികവിനും ജനങ്ങളെ സേവിക്കാനുള്ള ആര്‍ജവത്തിനും ആണെങ്കില്‍ അതില്‍ എന്തോ കുഴപ്പമില്ലേ? ഒരു സ്ഥാനാര്‍ത്ഥിയുടെ കഴിവ് മനസിലാക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ...അയാളുടെ പ്രസംഗം കേള്‍ക്കുക...സത്യത്തില്‍ പ്രസംഗത്തിന്റെ മേന്മ കൊണ്ടാണോ ഒരാളെ നാം വിശ്വസിച്ചു നമ്മുടെ നാടിന്റെ ഭരണം എല്പ്പിക്കേണ്ടത്?നമ്മുടെ മുന്‍പില്‍ എത്തുന്ന സ്ഥാനര്തികള്‍ക്ക് ഒരു യോഗ്യത എങ്കിലും വേണ്ടത് ആവശ്യമല്ലേ? സാമൂഹിക സേവന രംഗത്തോ അല്ലെങ്കില്‍ ജനസേവന രംഗത്തോ ഒരു മുന്‍പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ ആണ് മന്ത്രിയാക്കുക? തെങ്ങ് കണ്ടിട്ടില്ലാത്ത ഒരാളെ 'സൈദ്ധാന്തികമായി' തെങ്ങ് കയറ്റം പഠിപ്പിച്ചു തേങ്ങ ഇടീക്കാന്‍ പറ്റുമോ? ഏത് ജോലിക്കും ഒരു 'മിനിമം' യോഗ്യത നമ്മള്‍ നിര്‍ബന്ധമാക്കരില്ലേ? അത് പോലെ ഒന്ന് രാഷ്ട്രീയത്തിലും വേണ്ടേ? 

ഈ കഴിവിന് ഒരു മാനദണ്ഡം ഇല്ലാത്തതാണ് ഒരു ശാപം. ഒരു സിനിമ നടനോ നടിയോ മത്സരിച്ചു വിജയിക്കുക ആണെങ്കില്‍ അയാള്‍ക്ക്‌ നല്‍കപ്പെടുന്ന വോട്ടുകള്‍ സത്യത്തില്‍ 'ജനസേവന രംഗത്തെ' അയാളുടെ സേവനത്തിനുള്ള അംഗീകാരം അല്ല, മറിച്ച്‌ വെള്ളിത്തിരയില്‍ അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്കുള്ള കൈയടി ആണ്. ഉദാഹരണത്തിന് 
1999 ഇല്‍ വിനോദ് ഖന്ന എന്ന ബോളിവുഡ് നടനു വേണ്ടി ഹേമ മാലിനി പ്രചരണം നടത്തുകയും അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇവിടെ വലിയ ശതമാനം വോട്ടുകളും ബോളിവുഡ് എന്ന സിനിമ വ്യവസായത്തിന്റെ ശോഭാക്കും ഹേമ മാലിനി എന്ന 'സ്വപ്ന സുന്ദരിയുടെ' സൌന്ദര്യത്തിനും ആണ്. എം.ജി.ആര്‍, ഖുശബൂ, എന്നിവരുടെയും രാഷ്ട്രീയ പ്രവേശത്തിന് സഹായകമായതും ഇതേ ഘടകം തന്നെ. എം. മുകുന്ദന്‍ ഒരിക്കല്‍ എഴുതിയത് ഓര്‍ക്കുന്നു...എല്ലാ മാധ്യമങ്ങളും ശ്രീമതി അരുന്ധതി റോയുടെ ലേഖനങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കി അവരുടെ ചിത്രം കവര്‍ പേജില്‍ നല്‍കുന്നത് അവരുടെ ആശയങ്ങളോടുള്ള താത്പര്യം കൊണ്ടല്ല, മറിച്ച്‌ അവര്‍ അതിസുന്ദരി ആയ ഒരു സ്ത്രീ ആയതു കൊണ്ടാണ്...

ഇവിടെയെല്ലാം സംഭവിക്കുന്നത്‌ വോട്ട് എന്ന കര്‍മ്മത്തിന്റെ ലക്‌ഷ്യം സാധൂകരിക്കപ്പെടുന്നില്ല എന്നതാണ്. മറ്റു പല ഘടകങ്ങളിലെക്കും അത് മാറി പോകുന്നു. സിനിമ നടന്മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിച്ചു ഇറങ്ങുമ്പോള്‍ സംഭവിക്കുന്ന നിര്‍ഭാഗ്യകരമായ പ്രശ്നവും ഇത് തന്നെ ആണ്. മോഹന്‍ ലാലോ മമ്മൂട്ടിയോ ഒരാള്‍ക്ക്‌ വേണ്ടി വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചാല്‍ അയാള്‍ക്ക് കിട്ടുന്ന ചില വോട്ടുകളുടെ എങ്കിലും അവകാശം അവരുടെ കഥാപാത്രങ്ങള്‍ക്ക് ആയിരിക്കും.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

പ്രണയം-1



എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല...?

ഒരു നിമിഷം ചിന്തിച്ചു കൊണ്ടവള്‍ പറഞ്ഞു...
"നമ്മള്‍ തമ്മില്‍ ചേരില്ല..
നീ കറുത്തിട്ടാണ്..."

"എങ്കില്‍.....
രാത്രിയില്‍ മാത്രം എന്നെ പ്രണയിച്ചു കൂടെ?"

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ആചാരം!


കളഞ്ഞു കിട്ടിയ മാല ആല്‍മരക്കൊമ്പില്‍ തൂക്കിയിട്ടു
പിന്നീട് അമ്പലത്തില്‍ ചെന്നപ്പോള്‍
ആല്‍മരത്തില്‍ നിറയെ മാലകള്‍.....
ആശ്ചര്യത്തോടെ മടങ്ങാന്‍ തുനിഞ്ഞപ്പോള്‍
ആരോ പറഞ്ഞു-
"ഒരു മാല അവിടെ തൂക്കണം"
അതാണിവിടത്തെ ആചാരം!

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഖനിത്തൊഴിലാളികളോട് :കവിത സമര്‍പ്പണം ചിലിയിലെ ഖനി തൊഴിലാളികള്‍ക്ക്..


പ്രിയപ്പെട്ട ഖനിത്തൊഴിലാളികളെ
നിങ്ങള്‍ കുഴിച്ചു നോക്കുന്നത് എന്‍റെ ജീവിതമാണ്

പൊട്ടിയ മണ്‍പാത്രങ്ങള്‍ എന്നെ കാണിക്കരുത്
അതെന്‍റെ തകര്‍ന്ന സ്വപ്നങ്ങളാണ്.

ആരോ നിലവിളിക്കുന്നത് പോലെയുണ്ടോ?
അത് ഞാന്‍ നശിപ്പിച്ച ഏതോ ജീവനാണ്.

വേരുകള്‍ മുറിയരുത്
ആടി ഉലയുംപോഴും
എന്നെ താങ്ങി നിര്‍ത്തിയതാ ബന്ധങ്ങളാണ്

ഒരു ചങ്ങല കിട്ടിയാല്‍ തരണം
അതെന്‍റെ തുടലില്‍ കെട്ടാനുള്ളതാണ് .

ചോര പുരണ്ട വസ്തുക്കള്‍ വലിച്ചെറിഞ്ഞോളൂ
ഞാന്‍ എന്‍റെ പ്രണയം എന്നേ ഉപേക്ഷിച്ചിരിക്കുന്നു .

ചിതലുകളെ തീയിലിട്ടു ചുട്ടോളൂ
അവയാനെന്‍റെ വീട് തകര്‍ത്തത് .

നീരുറവ കണ്ടാല്‍ കുടിക്കാന്‍ തുനിയരുത്
കിനിഞ്ഞിറങ്ങുന്നത്‌ വിയര്‍പ്പും കണ്ണുനീരുമാണ്.

പാറകള്‍ തകര്‍ക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടും
ഞാനൊരു കഠിനഹൃദയനാണ് .

ഒരു നിധി ഞാന്‍ കുഴിച്ചിട്ടിട്ടുണ്ട്
പക്ഷെ,
അത് നിറയെ നഷ്ടത്തിന്‍റെ കണക്കുകളാണ്.

ഒഴിഞ്ഞ ഗര്‍ത്തത്തില്‍ വീഴാതെ നോക്കണം,
എന്‍റെ ഏകാന്തതയില്‍ രക്ഷായന്ത്രങ്ങള്‍ക്ക് പ്രവേശനമില്ല