2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

പ്രണയം-1



എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല...?

ഒരു നിമിഷം ചിന്തിച്ചു കൊണ്ടവള്‍ പറഞ്ഞു...
"നമ്മള്‍ തമ്മില്‍ ചേരില്ല..
നീ കറുത്തിട്ടാണ്..."

"എങ്കില്‍.....
രാത്രിയില്‍ മാത്രം എന്നെ പ്രണയിച്ചു കൂടെ?"

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ആചാരം!


കളഞ്ഞു കിട്ടിയ മാല ആല്‍മരക്കൊമ്പില്‍ തൂക്കിയിട്ടു
പിന്നീട് അമ്പലത്തില്‍ ചെന്നപ്പോള്‍
ആല്‍മരത്തില്‍ നിറയെ മാലകള്‍.....
ആശ്ചര്യത്തോടെ മടങ്ങാന്‍ തുനിഞ്ഞപ്പോള്‍
ആരോ പറഞ്ഞു-
"ഒരു മാല അവിടെ തൂക്കണം"
അതാണിവിടത്തെ ആചാരം!

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഖനിത്തൊഴിലാളികളോട് :കവിത സമര്‍പ്പണം ചിലിയിലെ ഖനി തൊഴിലാളികള്‍ക്ക്..


പ്രിയപ്പെട്ട ഖനിത്തൊഴിലാളികളെ
നിങ്ങള്‍ കുഴിച്ചു നോക്കുന്നത് എന്‍റെ ജീവിതമാണ്

പൊട്ടിയ മണ്‍പാത്രങ്ങള്‍ എന്നെ കാണിക്കരുത്
അതെന്‍റെ തകര്‍ന്ന സ്വപ്നങ്ങളാണ്.

ആരോ നിലവിളിക്കുന്നത് പോലെയുണ്ടോ?
അത് ഞാന്‍ നശിപ്പിച്ച ഏതോ ജീവനാണ്.

വേരുകള്‍ മുറിയരുത്
ആടി ഉലയുംപോഴും
എന്നെ താങ്ങി നിര്‍ത്തിയതാ ബന്ധങ്ങളാണ്

ഒരു ചങ്ങല കിട്ടിയാല്‍ തരണം
അതെന്‍റെ തുടലില്‍ കെട്ടാനുള്ളതാണ് .

ചോര പുരണ്ട വസ്തുക്കള്‍ വലിച്ചെറിഞ്ഞോളൂ
ഞാന്‍ എന്‍റെ പ്രണയം എന്നേ ഉപേക്ഷിച്ചിരിക്കുന്നു .

ചിതലുകളെ തീയിലിട്ടു ചുട്ടോളൂ
അവയാനെന്‍റെ വീട് തകര്‍ത്തത് .

നീരുറവ കണ്ടാല്‍ കുടിക്കാന്‍ തുനിയരുത്
കിനിഞ്ഞിറങ്ങുന്നത്‌ വിയര്‍പ്പും കണ്ണുനീരുമാണ്.

പാറകള്‍ തകര്‍ക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടും
ഞാനൊരു കഠിനഹൃദയനാണ് .

ഒരു നിധി ഞാന്‍ കുഴിച്ചിട്ടിട്ടുണ്ട്
പക്ഷെ,
അത് നിറയെ നഷ്ടത്തിന്‍റെ കണക്കുകളാണ്.

ഒഴിഞ്ഞ ഗര്‍ത്തത്തില്‍ വീഴാതെ നോക്കണം,
എന്‍റെ ഏകാന്തതയില്‍ രക്ഷായന്ത്രങ്ങള്‍ക്ക് പ്രവേശനമില്ല